
ചെങ്ങന്നൂർ: മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ പകുതി പിഴയൊടുക്കി തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരമൊരുങ്ങുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഇ-ചെല്ലാൻ അദാലത്ത് 27-ന് ചെങ്ങന്നൂർ ആർടിഒ ഓഫീസിൽ നടക്കും.
2024 ഡിസംബർ 31 വരെയുള്ള ഇ-ചെലാൻ കേസുകൾക്കാണ് പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ അദാലത്തിലൂടെ തീർപ്പാക്കാൻ സാധിക്കുമെന്നത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം ഹാജരാക്കിയാൽ മതിയാകും. മറ്റ് രേഖകൾ പരിശോധനയ്ക്കായി നൽകേണ്ടതില്ല.
രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത് നടക്കുക. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി പിഴയടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി അദാലത്ത് കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു










